Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
അവതാരിക

അഡ്മിനിസ്ട്രേറ്റര്‍അതിഥികള്‍

നമുക്ക് 4 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 841750


അവതാരിക: സി. രാധാകൃഷ്ണന്‍


നമുക്ക് ''കുപ്പതൊട്ടിജനം'' ആയാല്‍ മതിയോ?


''പൊന്നുരുക്കുന്നേടത്ത് പൂച്ചയ്ക്കെന്തു കാര്യം?" എന്നൊരു പഴമൊഴി ചോദ്യമുണ്ടല്ലൊ. ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥനായ ശ്രീ. കെ. സേതുരാമന്‍െറ ഈ കൃതി കയ്യില്‍ കിട്ടിയപ്പോള്‍ എന്‍െറ മനസ്സില്‍ ഉയര്‍ന്നത് ഈ ചോദ്യമാണ്. വായിച്ചു നോക്കിയപ്പോള്‍ പക്ഷേ സംശയം തീര്‍ന്നു.നിയമ സമാധാനപാലനം ഉള്‍പ്പെടെ ജീവിതത്തിന്‍െറ  സമസ്ഥ മേഖലകളേയും ബാധിക്കുന്ന കാര്യം തന്നെയാണ് നാടിന്‍െറ  ഔദ്യോദിക ഭാഷാനയം എന്ന് ബോധ്യമായി.

ഈ വിഷയത്തില്‍ സമഗ്രമായ ഗവേഷണപഠനം ഇദ്ദേഹം സൂക്ഷ്മമായും വിശദമായും നടത്തിയിരിക്കുന്നു. ഇന്ത്യയിലേയും, ഇന്ത്യയെപ്പോലെ ഭരണത്തിനും വിദ്യാഭ്യാസത്തിനും വിദേശ ഭഷയെ ആശ്രയിക്കുന്ന എല്ലാ നാടുകളിലേയും ഭരണവര്‍ഗ്ഗത്തിനെതിരെയുള്ള സമഗ്രമായ കുറ്റപത്രം കൂടിയാണ് ഈ കൃതി. എന്നാലൊ, ആരേയും കുറ്റപ്പെടുത്തുകയല്ല, ഉയിര്‍പ്പിനുള്ള പാത ചൂണ്ടിക്കാട്ടുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. ഭായുടെ പേരില്‍ വൈകാരികമായി പ്രതികരിക്കുകയോ, മുതലക്കണ്ണിരൊഴുക്കുകയോ അല്ല നാം ചെയ്യേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്.

മാതൃഭാഷ അവഗണിക്കപ്പെട്ടെന്നാല്‍ എന്തുണ്ടാകുമെന്നതിനു തെളിവാണ് യൂറോപ്യന്‍ നാടുകളുടെ കോളനികളായിരുന്ന രാജ്യങ്ങളില്‍ നിന്നും വിദേശ ഭാഷയെ ഭരണഭാഷയായും ബോധന മാധ്യമവുമായി നിലനിര്‍ത്തുന്നേടങ്ങളിലെ അനേക കോടി ''കുപ്പതൊട്ടി ജനം'' . ഇവര്‍ക്ക് നാക്കില്ല. ഒരു ഭാഷയും ശരിയായി അറിയില്ല. അതിനാല്‍ തന്നെ നേരേ ചൊവ്വേ ചിന്തിക്കാനോ, വളരാനോ, സൃഷ്ടിപരമായി പ്രവര്‍ത്തിക്കാനോ പറ്റുന്നില്ല.''ഗാര്‍ബിജ് പോപ്പുലേഷന്‍ '' എന്നാണ് ഇവര്‍ വിളിക്കപ്പെടുന്നത്. ഭാരതത്തിലെ നൂറ്റില്‍ ചില്ലാനം കോടിയും ഈ ഗണത്തിലാണ്.

ചൊല്ലിലൂടെയാണ് മനുഷ്യന്‍ ജീവിതത്തില്‍ ഉടനീളം കാര്യങ്ങല്‍ അറിയുന്നതും മറ്റുള്ളവരെ അറിയിക്കുന്നതും തന്നോടുതന്നെ സംസാരിക്കുന്നതും. ചൊല്ലുറയ്ക്കാഞ്ഞാല്‍ ബുദ്ധിയുറയ്ക്കില്ല. ഒരു ഭാഷനന്നായി പഠിക്കാതെ മറ്റൊരു ഭാഷ പഠിക്കാനാവില്ല. എന്തു കാര്യവും അറിയാനും അറിയിക്കാനും മതിയായതാകണം  ആദ്യം വിശദമാക്കുന്ന ചൊല്ല്.

ലോകത്തെ ഏതു ഭാഷയും എഴുതാനുള്ള ലിപിയും ഏതു ശബ്ദവും ഉള്‍ക്കൊള്ളാനുള്ള നാക്കുവഴക്കവും ഏതാശയവും ആവിഷ്കരിക്കാനുള്ള കോപ്പും തികഞ്ഞ ഒരു ഭാഷ നമുക്കുണ്ട്.അതാണ് മലയാള ഭാഷ. ഭാഷാപിതാവ് നമുക്ക് നല്‍കിയ ഈ അപൂര്‍വ്വമായ അനുഗ്രഹം കുറച്ചൊന്നുനല്ല നമ്മെ സ്വതന്ത്രരാക്കിയത്. വൈദേശിക ശക്തികള്‍ക്കെതിരെ നില്‍ക്കാനും തന്‍പോരിമ കാണിക്കാനുംഅത് മതിയായി. അദ്ദേഹം വിദേശാധിനിവേശത്തിനെതിരെ ഒന്നും ചെയ്തില്ല എന്നൊരു പരാതി ഈയിടെ ഒരു വിമര്‍ശകന്‍ ഉന്നയിച്ചു കണ്ടു. അദ്ദേഹം തന്ന മഹത്തായ ആയുധം കൈവശം വെച്ചുകൊണ്ടാണ് ഈ പരാതി! മാത്രമല്ല ആ ആയുധത്തെ കയ്യൊഴിയാന്‍ നമ്മെ വിദേശ ശക്തികള്‍ പ്രേരിപ്പിക്കുന്നതിനിടയിലുമാണ് ഇത്.

ജാതിപ്പിശാചിന് ആക്കവും ചൂഷണത്തിന് ആധിപത്യവും നല്കാന്‍ മേലാള ഭാഷയായി സംസ്കൃതം ഉപയോഗിക്കപ്പെട്ട കാലത്താണ് ഭാഷാപിതാവ് നമുക്ക് ഈ വരം തന്നത്. ആ ഭാഷയില്‍ നിന്നു തന്നെ ആവശ്യം പോലെ പദങ്ങളെടുത്തു കൂടിയായിരുന്നു ആ മഹാ കര്‍മ്മം.ആജന്മാന്തം ആ ശിക്ഷ അനുഭവിച്ചിട്ടും അദ്ദേഹം തളര്‍ന്നുമില്ല.പ്രയത്നം തുടര്‍ന്നു.

അന്നത്തെ മേലാള വര്‍ഗ്ഗത്തിന്‍െറ ഒത്താശയോടെ വിദേശാധിപത്യം ഏതായാലും ഇവിടെ വരികതന്നെ ചെയ്തു. അതിനെതിരെ ജനമനസ്സില്‍ പുകഞ്ഞ രോഷത്തിന് നാക്കാകാന്‍ അപ്പോഴും മലയാളമൊഴി മതിയായി. പാരതന്ത്ര്യത്തില്‍ കിടക്കെ വിദേശ ഭാഷകള്‍  പഠിച്ചപ്പോഴും മൊഴിയെ സംബന്ധിച്ച നമ്മുടെ മുന്‍ഗണനാക്രമം നാം മറന്നില്ല.പക്ഷെ വിദേശാധിപത്യം അവസാനിച്ചപ്പോള്‍ നമ്മുടെ മൊഴിയുടെ മഹത്വം നാം മറക്കാന്‍ തുടങ്ങി.

അടിമത്വം നിലനിര്‍ത്താന്‍ ഉപയുക്തമായ ഭരണക്രമത്തിന്‍െറ തുടര്‍ച്ചതന്നെ ആയിപ്പോയി പിന്നീടുണ്ടായതും.അത് വിദേശ ഭാഷയെ ജീവഭയത്തോടെ മുറുകെ പിടിച്ചു. ഭരണ നടപടികളും വിദ്യാഭ്യാസവും വിദേശ ഭാഷയില്‍ തന്നെ തുടരുകയായിരുന്നു ഫലം. വന്നു വന്ന് ഇപ്പോള്‍ നാം നാക്കേ ഇല്ലാത്തവരായി മാറിക്കൊണ്ടിരിക്കുന്നു. വിദേശ ഭാഷയെ സംബന്ധിച്ചിടത്തോളം നാം എന്നും വിദേശികളാണ്. നമ്മുടെ ഭാഷ നമുക്ക് നഷ്ടപ്പെടുക കൂടി ചെയ്യുന്നതോടെ വീട്ടുചോറും വിരുന്നുചോറുമാല്ലാത്തവരാവുകയാണ് നാം. 

സര്‍ക്കാരിലൊരു ഗുമസ്തപ്പണിയെങ്കിലും കിട്ടണമെങ്കില്‍ ഇംഗ്ലീഷറിയണം. വ്യവസായ സ്ഥാപനങ്ങളിലും സ്ഥിതി അതുതന്നെ. ഭരണത്തിന്‍േറയും നീതിന്യായനിര്‍വ്വഹണത്തിന്‍േറയും ഭാഷ ഇംഗ്ലീഷ് ആണ്. എന്നാലോ, മലയാളിയായ ഒരു സര്‍ക്കാര്‍ ഗുമസ്തന്‍ ഇടപഴകേണ്ടതും പ്രവര്‍ത്തിക്കേണ്ടതും മലയാള മൊഴി പറയുന്നവരുടെ ഇടയിലാണ്. വ്യവസായികോല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് മലയാള മൊഴിക്കാരാണ്. അത് വിപണനം നടത്തുന്ന മലയാളി പക്ഷേ ഇവരോട് സംസാരിക്കേണ്ടത് ഇംഗ്ലീഷിലാണ്.മലയാളം പറയുന്ന സാധാരണ ജനങ്ങളെയാണ് ഭരണ വകുപ്പുകള്‍ സേവിക്കേണ്ടത്. നീതി ലഭിക്കേണ്ടതും ഈ ആളുകല്‍ക്ക് തന്നെ. പക്ഷേ കല്‍പ്പനകളും, വാദങ്ങളും, വിധികളും, വിധിന്യാങ്ങളും ഇംഗ്ലീഷിലാണ്. ആകെപ്പാടെ ഒരു കോമാളിക്കളിയുടെ എല്ലാ ലക്ഷണങ്ങളും തികയുന്നു!

പുറത്തുപോയി വല്ല ജോലിയും കിട്ടണമെങ്കില്‍ ഇംഗ്ലീഷറിയണമെന്നതിനാല്‍ മൂന്നു വയസ്സു മുതല്‍ ഇംഗ്ലിഷ് പഠിക്കാന്‍ കുട്ടികളെ വിടുന്നു. അവര്‍ രണ്ടുഭാഷകളും അറിയാത്തവരും വീട്ടില്‍ അന്യരും ആയിത്തീരുന്നു. ഇവരില്‍നിന്ന് കുറച്ചു പേരാണ് പുറത്തെവിടെയെങ്കിലും ജോലി സമ്പാദിക്കുന്നത്. ഇങ്ങനെ ഒരു ജോലി സമ്പാദിച്ചാല്‍ തന്നെ ജീവിതകാലത്തോ അടുത്ത തലമുറയിലോ സ്വന്തമായൊരു സമ്പത്തുല്‍പ്പാദനതുറ കണ്ടെത്താന്‍ ഇവരില്‍ മിക്കവര്‍ക്കും കഴിയാറുമില്ല. കീഴാള സേവകരെ സ്ഥിരമായി സൃഷ്ടിക്കുകയാണ് നാം.

അന്യ നാട്ടില്‍ പോയി കീഴാള ജോലി  ചെയ്ത്  (എത്ര വലിയ ഉദ്യോഗമായാലും കീഴാള ജോലി തന്നെ) കിട്ടുന്ന ധനം ശാശ്വതമാണോ? ഗള്‍ഫിലെ എണ്ണ നാളെ അടി കണ്ടാല്‍ എന്താവും നമ്മുടെ സ്ഥിതി? വിദേശ കമ്പനികല്‍ ഔട്ട്സോഴ്സിംഗ് നിര്‍ത്തിയാല്‍ എന്താവും നമ്മുടെ ഐ.ടി.വ്യവസായത്തിന്‍റെ പരുവം? പട്ടിണിക്ക് ശാശ്വത  പരിഹാരം വേണമെങ്കില്‍ ഇവിടെ വല്ലതും നട്ടുവളരണം.

അത് സാദ്ധ്യമാണോ എന്ന ചോദ്യത്തിന് മതിയായ ഉത്തരമാണ് ജപ്പാന്‍, ചൈന, തായ് വാന്‍, വിയറ്റ്നാം, കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ നല്‍കുന്നത്. അവിടങ്ങളിലെല്ലാം എല്ലാ തലങ്ങളിലും വ്യവഹാര ഭാഷ അവരവരുടെ മാതൃ ഭാഷയാണ്. യൂറോപ്പിലും അതെ. ഭരണവും പഠിപ്പിക്കലും വ്യവസായങ്ങളുടെ നടത്തിപ്പും യാതൊന്നും തന്നെ വിദേശ ഭാഷയിലല്ല. ഉന്നത വിദ്യാഭ്യാസത്തിന് ഏനക്കേട് പറ്റാതിറിക്കാന്‍  അവര്‍ പ്രൈമറി തലം മുതല്‍ സയന്‍സിലെ സാങ്കേതിക പദാവലി അതേപടി ഉപയോഗിക്കുന്നു.ഇപ്പറഞ്ഞനാടുകളിലൊക്കെ ദശകങ്ങളായി ദേശിയോല്‍പ്പാദന വളര്‍ച്ച നമ്മുടേതിന്‍െറ എത്രയോ ഇരട്ടിയാണ്. അവിടങ്ങളിലെങ്ങും ഒരു വെബ് സൈറ്റു പോലും വിദേശ ഭാഷയില്‍ ഇല്ല! ആവശ്യപ്പെട്ടാല്‍ തര്‍ജ്ജമ കിട്ടും.

കേരളത്തിലുള്ളതില്‍ കുറവ് ജനങ്ങളുള്ള നാടുകളില്‍ പോലും ഇതാണ് ഇന്ന് സ്ഥിതി. (കേറ്റലന്‍ ഭാഷ ഉദാഹരണം.) നമ്മുടെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളിലെ ആസൂത്രണക്കാര്‍ പക്ഷേ ഇതൊന്നും കണ്ട ഭാവമില്ല. ഇതിനു കാരണം, ഇവിടുത്തെ കാര്യ നിര്‍വ്വഹണം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എന്ന ഒരേ ഒരു കാര്യം കൈമുതലായുള്ള ഏതാണ്ട്  ഒരു ശതമാനം വരുന്ന ന്യുനപക്ഷത്തിന്‍െറ കുത്തകയാണ്. എല്ലാ ഉയിര്‍പ്പുശ്രമങ്ങളേയും ഇക്കൂട്ടര്‍ ഫലപ്രദമായി എതിര്‍ത്തു തോല്‍പ്പിക്കുന്നു. അതിനെതിരെ നട്ടെല്ലുയര്‍ത്തി നില്‍ക്കാന്‍ ഇവിടെ ജനപ്രധിനിധികല്‍ക്ക് കഴിയുന്നില്ല. അവരും ഭാഷാ പരമായ അധമ ബോധത്തിന്‍െറ പടുകുഴിയിള്‍ ആണല്ലോ. തങ്ങള്‍ പറയുന്ന മൊഴി കേള്‍ക്കാന്‍ ഉത്തരവാദപ്പെട്ട ആരും തയ്യാറില്ലാത്തതിനാല്‍ അടിസ്ഥാന ജനത നിരുന്മേഷരോ അക്രമാസക്തരോ ആയിത്തീരുന്നു   അവര്‍ക്കുനേരെ വെടി വെക്കാന്‍ കല്‍പ്പിക്കുന്നതു പോലും ''ഫയര്‍'' എന്ന് ഇംഗ്ലീഷിലാണ്.

 

മലയാളത്തില്‍ എഴുതുന്നവരും  മലയാളം ഇപ്പോഴും വായിക്കുന്നവരും മലയാളത്തിന്‍െറ മരണം മുന്നില്‍ കണ്ട് ആത്മാര്‍ത്ഥമായി കരയുന്നു. പക്ഷേ ഭരിക്കുന്നത് ഏതു കക്ഷിയോ, മുന്നണിയോ ആയാലും ഇവിടെ തഴച്ചു വളരുന്ന ഇംഗ്ലീഷ് വിദ്യാഭ്യാസ കച്ചവടത്തിനോ, ജനങ്ങളുടെ ഭാഷയിലല്ലാതെ ഭരണവും നീതിനിര്‍വ്വഹണവും നടക്കുന്നതില്‍ സ്ഥാപിത താല്‍പര്യമുള്ള ശക്തികള്‍ക്കോ തടയിടാന്‍ അവരാരും സന്നദ്ധരല്ല. ഇവിടെ സ്കൂളില്‍ പഠിക്കണമെങ്കില്‍ മലയാളം പഠിച്ചേ തീരൂ എന്ന് ഒറ്റവരിയില്‍ ഒന്നു നിയമം നിര്‍മ്മിക്കാന്‍ ഒരു ദിവസമല്ലേ വേണ്ടൂ? വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കില്ലേ?

മറ്റൊരു ഭാഷയും പഠിക്കരുത് എന്ന് ആരും പറയില്ല. പക്ഷേ അത് നാക്കായല്ല, ഉപകരണമായാണ് കൈവശമാക്കേണ്ടത്. രണ്ടുനാക്കുണ്ടാവാം, പക്ഷേ അതിലൊന്ന് ചെറുനാക്കേ ആകൂ. മാതൃഭാഷ ശരിക്കറിയാതെ മറ്റൊരു ഭാഷ എങ്ങനെ പഠിക്കും?

വിവിധ തുറകളിലെ സാങ്കേതിക പദാവലി മലയാളത്തില്‍ നിര്‍മ്മിക്കുകയെന്ന മഹാമത്തം നാം ആദ്യമേ ഉപേക്ഷിക്കേണ്ടതായിരുന്നു. ഈ ഒരു കാര്യത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തുമായി ഞങ്ങളില്‍ ചിലര്‍ തുടക്കം മുതല്‍ക്കേ അഭിപ്രായ ഭിന്നത പുലര്‍ത്തിയതാണ്. വാക്കുകള്‍ ഉണ്ടാവുകയാണ് വേണ്ടത്.ഉണ്ടാക്കുകയല്ല. തപ്പും പിഴയും വരാതിരിക്കാനും ഉന്നത വിദ്യാഭ്യാസ തുറകള്‍ അപ്രാപ്യങ്ങളായി തീരാതിരിക്കാനും എളുപ്പ വഴി സാങ്കേതിക പദങ്ങള്‍ അതേപടി സ്വികരിക്കുകയാണ്. അങ്ങനെ ചെയ്ത് വിജയിച്ചവര്‍ ചുറ്റുമുണ്ടുതാനും.ഭാഷയോട് അനാവശ്യനായ സെന്‍റിമെന്റ്സ് കാണിക്കുകയല്ല. അതിനെ പുതിയ കാലത്ത് ഉപയോഗിക്കാന്‍ സജ്ജമാക്കുകയാണ് വേണ്ടത്. രോഗികളോട് മലയാളത്തില്‍ സംസാരിക്കുന്ന ഡോക്ടര്‍മാരും കക്ഷികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ കേസ്സ് വാദിക്കുന്ന വക്കീല്‍മാരും സാധാരണ ജോലിക്കാരോട് മലയാളം പറഞ്ഞ് മനസ്സിലാക്കുന്ന എഞ്ചിനീയര്‍മാരും വേണ്ടേ നമുക്ക്? മലയാളത്തില്‍ ചോദിച്ച് വോട്ട് വാങ്ങിയിട്ട് ഇംഗ്ലീഷില്‍ ഭരിക്കുന്നത് മര്യാദയാണൊ? സാധാരണ ജനങ്ങളുടെ കീശയിലെ നികുതിപ്പണമുപയോഗിച്ച് ഇംഗ്ലീഷില്‍ പഠിച്ച് ഡോക്ടറും എഞ്ചിനീയറുമൊക്കെ ആയതില്‍പിന്നെ ,നാലു കാശ് അധികം കിട്ടുമെന്ന് കണ്ട് അന്യനാട്ടില്‍ കൂലിപ്പണിക്ക് പോകുന്നത് ചതിയല്ലെ?  

ഭരണയന്ത്രവും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള തീരാത്ത വിടവ് ഭാഷയുടേതാണ്. വിദ്യാഭ്യാസവും സൃഷ്ടിപരതയും തമ്മില്‍ ഇന്നുള്ള വിടവും ഇതുതന്നെ. മൗലികതയുള്ള ഗവഷണമോ വ്യവസായ സംരംഭങ്ങളോ ഒന്നും ഈ വിദ്യാഭ്യാസത്തിന്‍െറ ഫലമായി ഉണ്ടാകുന്നില്ല. ഇത്രയേറെ കോടി ജനങ്ങളുളള ഈ മഹാ രാജ്യത്തിന് ലോകത്തിനായി നല്‍കാന്‍ കഴിയൂ. സംഭാവനയുടെ തൊണ്ണൂറ്റി ഒമ്പത് ശതമാനവും ഈ നാക്കില്ലായ്മ കൊണ്ട്  നഷ്ടപ്പടുകയാണ് . സ്വന്തം കാലില്‍ നില്‍ക്കാനുള്ള സമ്പത്തുത്പാദനം നടക്കാതെ പോകയും ചെയ്യുന്നു. സ്വന്തം ഭാഷയില്‍ അലമുറയിട്ടാല്‍ കേട്ടുമനസ്സിലാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് മനസ്സോ കഴിവോ ഇല്ലാതിരിക്കെയുള്ള നിലവിളിയല്ലെ യഥാര്‍ത്ഥ വനരോദനം?

കാതില്‍ അലയ്ക്കുന്ന ഈ നിവവിളി ശമിപ്പിക്കാന്‍ ചട്ടങ്ങള്‍ മാറ്റിയേ തീരൂ എന്ന് നിശ്ചയം.അതു സാധിക്കുവോളം എത്രവലിയ പ്രലോഭനത്തിനും വഴങ്ങിക്കൂടാ. വഴങ്ങില്ലെന്ന് നമുക്ക് നാക്കില്‍ തൊട്ട് ആണയിടാം.

ഈ കൃതിയുടെ ഇംഗ്ലീഷ് ഒറിജിനലും ഇതേസമയം പ്രസിദ്ധീകരിക്കുമെന്നറിയുന്നു.തുടര്‍ന്ന് എല്ലാ ഇന്ത്യന്‍ ഭാഷകളിലും വിവര്‍ത്തനങ്ങളുമുണ്ടാകട്ടെ.ആഗ്ലോഫൈല്‍ നാടുകളിലെ സാധാരണക്കാരെല്ലാം ഈ വസ്തുതകള്‍ അറിയണം. അങ്ങനെ  കുപ്പതൊട്ടികളില്‍ നിന്ന് മോചനം നേടി ഒരു പുതിയ വസന്തത്തിലേയ്ക്ക് പ്രവേശിക്കാന്‍ നമുക്കും ലോകത്തിലെ തുല്യ ദു:ഖിതര്‍ക്കും കഴിയണം.

                                                                                                                                               സി. രാധാകൃഷ്ണന്‍,

                                                                          ചക്കുപുര,ചമ്രവട്ടം.


കൂടുതല്‍വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ  'മലയാളത്തിന്‍റെ ഭാവി - ഭാഷാ ആസൂത്രണവും മാനവ വികസനവും '  എന്ന പുസ്തകം വായിക്കുക